2009, മാർച്ച് 16, തിങ്കളാഴ്‌ച

കാവാലം പാതിരാമണല്‍ വഴി കുമരകം

യാത്ര പ്ലാന്‍ ചെയ്തത് എന്‍റെ ബാല്യകാലം മുതലേയുള്ള സുഹൃത്തും സന്തത സഹചാരിയുമായ പോലീസുകാരന്‍ ജയചന്ദ്രന്‍ ആണ്. പരിപാടിക്ക് പേരും ഇട്ടു. "ബോട്ട് പടയണി." പോരെ പൂരം.

നീലംപേരൂരിലെ പൂരം പടയണി കഴിഞ്ഞു എല്ലാവരും ആ വര്‍ഷത്തെ പടയണിയെ പറ്റിയുള്ള കോട്ടങ്ങളും നേട്ടങ്ങളും എല്ലാം വെടിവട്ടം പോലെ പറഞ്ഞിരിക്കുന്ന ഒരു ഏര്പ്പാടുണ്ട് . ജോലിയുള്ളവരും ഇല്ലാത്തവരും, കല്യാണം കഴിക്കാത്തവരും കഴിച്ചവരും, പല്ലുള്ളവരും പല്ലില്ലാത്തവരും മുടി കറുത്തവരും വെളുത്തവരും, അവധിക്ക് നാട്ടില്‍ വന്നിട്ടുള്ളവരും, അവധിക്ക് വന്നിട്ട് പിന്നെ തിരിച്ചു പോകത്തവരും, സൈന്യത്തില്‍ നിന്നും വിരമിച്ച് വീരകഥകള്‍ പറയുന്നവരും, പ്രവാസികളും, മദ്യപിക്കുന്നവരും അതില്ലാത്തവരും, പുക വലിക്കുന്നവരും ഇല്ലാത്തവരും, പൊങ്ങച്ചം പറയുന്നവരും വായില്‍ കമ്പിട്ടു കുത്തിയാല്‍ പോലും മിണ്ടാത്തവരും, വഴിയെ പോകുന്ന എറുമ്പിനെ പോലും കളിയാക്കുന്നവരും അങ്ങനെ എല്ലാരും വൈകുന്നേരം അമ്പലത്തിന്‍റെ ആല്‍ത്തറയില്‍ ഒത്തുകൂടും. പടയണി കഴിയുമ്പോ അന്നങ്ങളുടെ തടി ചട്ടങ്ങളില്‍ നീണ്ടു നിവര്‍ന്നു കിടന്നു കൊണ്ട് തന്നെ വെടി വട്ടം പറയാന്‍ സൌകര്യമുണ്ട്.



പ്രസ്തുത വേദിയിലാണ് ഇങ്ങനെ ഒരാശയം ഉദിച്ചത്. ഒരു ബോട്ടിങ്ങിന് പോയാലോ എന്ന്. ചര്‍ച്ചയായി. അവസാനം മദ്യപിക്കാത്ത പുകവലിക്കാത്ത പാട്ട് പാടാത്ത ഡാന്‍സ് ചെയ്യാത്ത വെള്ളം കണ്ടാല്‍ നീന്താന്‍ എടുത്തു ചാടാത്ത പന്ത്രണ്ടുപേര്‍ കൈ പൊക്കി. അങ്ങനെ ആ പന്ത്രണ്ട് അംഗ സംഘം പരിപാടിക്ക് പേരും ഇട്ടും "ബോട്ട് പടയണി." അതിനു കാരണം ഉണ്ട്. വള്ളം ബുക്ക് ചെയ്തത് പോകാമെന്ന് ആദ്യം പ്ലാന്‍ ഇട്ടെങ്കിലും സൌകര്യത്തിനു ഒരു ബോട്ട് കിട്ടിയപ്പോ പേരങ്ങനെ ആയി. അതുപോലെ ആഹാരം പാചകം ചെയ്തു കൂടെ കൊണ്ടുപോകാമെന്ന് തീരുമാനിച്ചു. കാരണം വഴിയിലുള്ള ഷാപ്പുകളില്‍ കിട്ടുന്ന ആഹാരം ശുധജലതിലാണല്ലോ ഉണ്ടാക്കുന്നത്. "ഭക്ഷണപ്രമുഖ്" ആയി നമ്മുടെ ഒരേ ഒരു പോലീസുകാരന്‍ നിയമിതനായി. ബോട്ടിന്റെ ഉത്തരവാദിത്വവും അദ്ധേഹത്തിനു തന്നെ. പോകുന്നതിനു തലേദിവസം കക്ഷിക്ക് പിടിപ്പത് പണിയായിരുന്നു. കപ്പ, ബീഫ്, മീന്‍കറി എല്ലാം ഉണ്ടാക്കി വലിയ പത്രത്തില്‍ പൊതിഞ്ഞു കെട്ടി. കൂടെ കുടിക്കാനുള്ള കഞ്ഞിവെള്ളം വഴീന്ന് മേടിക്കാന്‍ വലിയ ജാറും എടുത്തു. അങ്ങനെ "സംഭവാമി യുഗേ യുഗേ" എന്ന് പറയുന്ന പോലെ പരിപാടി രാവിലെ ആറു മണിക്ക് ആരംഭിച്ചു.



ഇനി അംഗങ്ങളെ പരിചയപ്പെടുത്താം. എല്ലാര്‍ക്കും പ്രിയങ്കരനും പടയണിക്കളത്തിലെ പ്രമുഖനും പൊതുവേ "സ്വാമി" എന്ന് വിളിപ്പേരുമുള്ള കണക്കപിള്ള (chartered accoutant) അനില്‍ പി, പ്രശസ്ഥ കഥകളി ചുട്ടികുത്തുകാരനും പടയണി ആശാനും സ്വതവേ കലാകാരനുമായ നീലമ്പേരൂര്‍ ജയന്‍, കഥകളി പാട്ടില്‍ കമ്പമുള്ള തടി പണിയില്‍ അല്‍ഭുതം സൃഷ്ടിക്കുന്ന നെടുംപള്ളില്‍ ജയന്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനും പടയണി ജീവതാളം ആക്കിമാറ്റിയ പയ്യമ്പള്ളില്‍ റെജി, പടയണി കളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍വശ്രീ പോലീസുകാരന്‍ ജയചന്ദ്രന്‍, സ്വന്തം ബിസിനസ് നടത്തുന്ന പടയണിക്കളത്തിലെ സെക്യൂരിറ്റി സുധീഷ്‌ പാറയില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റുള്ളോരെ കളിയാക്കി ഇരുത്തുന്നതില്‍ മാസ്റ്റര്‍ ഡിഗ്രീയുമുള്ള അജിത് പൂന്തോട്ടത്തില്‍, പട്ടാളക്കാരനും കിളിയുമായ ജിജി, നീലംപെരൂരിന്റെ ശബ്ദവും പ്രകൃതി സ്നേഹിയും നാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ അജയ്, കമ്പനി ഉദ്യോഗസ്ഥനും ആല്മാര്ഥതയില്‍ തന്‍ കവിഞ്ഞാരും ഇല്ലെന്നു തെളിയിച്ചിട്ടുള്ള സന്തോഷ്, പ്രവാസിയായ അണ്ണനും പിന്നെ ഞാനും.



അങ്ങനെ രാവിലെ ആറുമണിക്ക് എല്ലാവരും പടയണിക്കളത്തില്‍ ഒരുമിച്ചു കൂടുകയും ഓരോരുത്തരുടെയും വണ്ടികളിലായി ബോടിംഗ് തുടങ്ങുന്ന കൈനടിയില്‍ എത്തിച്ചേരുകയും ചെയ്തു. ഏതാണ്ട് എട്ടു മണിയോടു കൂടി സംഗതികള്‍ തുടങ്ങി. ചെറിയ ആരവരത്തോടെയും കൂകു വിളികളോടെയും തുടങ്ങിയ യാത്ര ജയന്‍ ചേട്ടന്‍റെ ഒരു കഥകളി പാട്ടോട് കൂടിയാണ് താളം മുറുകിയതു... "അങ്ങനെ ഞാനെങ്ങു പോവതോ .........." , " അജിത ഹരേ...മാധവ വിഷ്ണോ......" കഥകളി മാറി നാടന്‍ പാട്ടായി.... " ആലത്തൂരങ്ങടിയില് പോയി വരുമ്പോ ആകാശം മുട്ടിയുരുമ്മൊണൊരാല്മരം കണ്ടെന്നെ... " , " തന തന്തിനാ തന്തിനാ താനോ.... തന തന്തിനാ തന്തിനാ താനോ.... തകധിം താനോ.....തെങ്ങും വളപ്പില്‍ സൂര്യനുദിച്ചത് പോലെ എന്റെ മോള് കുഞ്ഞി പളുക്ക ദോ വരണെ..." പിന്നെ ഓട്ടം തുള്ളലായി...... പോലീസുകാരന്ടെ വക ഗാനമേള...... " അന്തിക്കടപ്പുറത്തൊരോല കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്...." ഒമ്പത് മണിയോടു കൂടി വയറ്റിന്നു ചീവീടുകള്‍ കരയാന്‍ തുടങ്ങി..കപ്പയും മീനും അകത്താക്കി.... കൂടെ കുടിക്കാന്‍....കൈനടിയില്‍ നിന്നും വാങ്ങിയ പത്ത് ലിറ്റര്‍ കഞ്ഞിവെള്ളവും... കഞ്ഞി വെള്ളം അകത്തു ചെന്നപ്പോള്‍ പാട്ടുകളുടെ കാലവും രാഗവും ഒക്കെ മാറി പിന്നെ കഥകളി, ഓട്ടം തുള്ളല്‍, നാടന്‍ പാട്ട് എന്നിവയുടെ ഈണത്തില്‍ നാട്ടില്‍ സകല ജീവ ജാലങ്ങളെ കുറിച്ചും പാരടി ഉണ്ടാക്കി പാടാന്‍ തുടങ്ങി. ..... അത് ശരിക്കും രസിച്ചു... "സംഗതികളെല്ലാം" ശരിക്ക് ഒത്തു വന്നു.




ആദ്യം കാവാലം കഞ്ഞിവെള്ളക്കടയില്‍ ബോട്ട് നിര്‍ത്തി തീര്‍ന്നുപോയ പത്തു ലിറ്റര്‍ നിറച്ചു. ഉച്ചയായപ്പോള്‍ അപ്പവും ചിക്കന്‍ കറിയും കഥകളിക്ക് രണ്ടു ചുവന്ന തടി വേഷങ്ങള്‍ ഒരുമിച്ചു രാഗത്ത് വരുന്ന പോലെ വന്നു. അടിപിടി കൂട്ടി അകത്താക്കി...കാരണം ദഹന രസം വേണ്ടുവോളം ശരീരത്തിലുണ്ടയിരുന്നല്ലോ. ഉച്ചയ്ക്ക് ശേഷം കാവാലം, ആര്‍ ബ്ലോക്കിലെ പ്രമുഖ സ്ഥലമായ "കാട്ടു ഷാപ്പ്" തേടി നടന്നു...ഒടുവില്‍ കണ്ടു പിടിച്ചു.... പഴം കഞ്ഞിവെള്ളവും, പുതു കഞ്ഞിവെള്ളവും, മധുരമുള്ളതും,. പുളി ഉള്ളതും പിന്നെ കയ്യില്‍ ഉണ്ടായിരുന്ന വിദേശീ കഞ്ഞിവെള്ളവും കൂട്ടി മിക്സ് ചെയ്തു സങ്കര ഇനത്തിലും ഓരോരുത്തരുടെയും ആമാശയം എറ്റുവാങ്ങിക്കൊണ്ടിരുന്നു. വൃക്കകള്‍ക്ക് പിടിപ്പതു പണിയും കിട്ടി.



കുമരകം കായലില്‍ എത്തിയപ്പോഴാണ് രസം. ഞങ്ങളുടെ ബോട്ട് ഒരു വാടകക്ക് എടുത്തു ഞങ്ങള്‍ ഏര്‍പ്പാടാക്കിയ തോര്‍ത്ത്‌ മാത്രം ഉടുത്ത നാവിക ക്യാപ്ടന്റെ മേല്‍നോട്ടത്തിലാണ് പോകുന്നത്. കഞ്ഞിവെള്ളം ഇടക്ക് കുടിക്കുന്നത് കൊണ്ട് ക്യാപ്ടന്‍ ഇടക്ക് സ്പീഡ് കൂട്ടുകയും ചെയ്യും. പക്ഷെ...കുമരകത്ത് 5000 മുതല്‍ വാടകയും കൊടുത്തു താടിക്ക് കായ്യും കൊടുത്തു പാവകളെ പോലെ... ചത്ത വീട്ടിലേക്ക് വിരുന്നിനു പോകുന്ന അമ്മായി അമ്മമാരെ പോലെ ഓരോന്ന് ഇരിക്കുന്നത് കണ്ടു ഞങ്ങള്‍ക്ക് സങ്കടം വന്നു. അവരിങ്ങോട്ട് നോക്കി കൊതി ഇറക്കുന്നത്‌ കണ്ടപ്പോ.... ചാത്തന് പൂജിക്കുന്നത് പോലെ ജയന്‍ ചേട്ടന്‍ കുറച്ച് കയ്യിലെടുത്തു തളിച്ച് കായയിലേക്ക് കളഞ്ഞു. വലിയ കെട്ടു വള്ളത്തില്‍ കേറി ഇരുന്നു കായല്‍ കാണാം എന്നല്ലാതെ...ഒരു ആഘോഷമോ പാട്ടോ, കഞ്ഞിവെള്ള കുടിയോ ഒന്നും അതില്‍ നടക്കില്ല..കാരണം ധാരാളം ആളുകള്‍ കാണും. അപ്പൊ ഒന്നും നടക്കില്ല... കുമരകത്ത് ഹൌസ് ബോട്ടില്‍ ആരോ പുക വലിച്ചുന്നു പറഞ്ഞുള്ള പുകിലുകള്‍ പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. പക്ഷെ വാടകക്ക് എടുത്ത വീട്ടില്‍ എന്ത് അലമ്പ് കാണിച്ചാലും ആരും ചോദിക്കാനില്ലലോ...



അങ്ങനെ വൈകിട്ട് ഏഴു മണിയോടു കൂട്ടി ഒരു പടയണി കഴിഞ്ഞ ക്ഷീണത്തോടെ എല്ലാവരും തിരിച്ചു വീട്ടിലെത്തി. പക്ഷെ ചുണ്ടില്‍ അപ്പോഴും രസകരമായ പാട്ടുകള്‍ എല്ലാവരിലുമുണ്ട്. അങ്ങനെ ഒരു "ബോട്ട് പടയണി" ....ഇത്തവണത്തെ ബോട്ട് പടയണി സെപ്റ്റംബര്‍ അവസാനം.



ഈ ബോട്ട് പടയണിയുടെ പടങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും
.

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

this looks great.. good work..

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

എന്‍റെ ഗ്രാമത്തിലേക്ക് സ്വാഗതം

ശ്രീ പറഞ്ഞു...

കൊള്ളാം