2009, മാർച്ച് 16, തിങ്കളാഴ്‌ച

കാവാലം പാതിരാമണല്‍ വഴി കുമരകം

യാത്ര പ്ലാന്‍ ചെയ്തത് എന്‍റെ ബാല്യകാലം മുതലേയുള്ള സുഹൃത്തും സന്തത സഹചാരിയുമായ പോലീസുകാരന്‍ ജയചന്ദ്രന്‍ ആണ്. പരിപാടിക്ക് പേരും ഇട്ടു. "ബോട്ട് പടയണി." പോരെ പൂരം.

നീലംപേരൂരിലെ പൂരം പടയണി കഴിഞ്ഞു എല്ലാവരും ആ വര്‍ഷത്തെ പടയണിയെ പറ്റിയുള്ള കോട്ടങ്ങളും നേട്ടങ്ങളും എല്ലാം വെടിവട്ടം പോലെ പറഞ്ഞിരിക്കുന്ന ഒരു ഏര്പ്പാടുണ്ട് . ജോലിയുള്ളവരും ഇല്ലാത്തവരും, കല്യാണം കഴിക്കാത്തവരും കഴിച്ചവരും, പല്ലുള്ളവരും പല്ലില്ലാത്തവരും മുടി കറുത്തവരും വെളുത്തവരും, അവധിക്ക് നാട്ടില്‍ വന്നിട്ടുള്ളവരും, അവധിക്ക് വന്നിട്ട് പിന്നെ തിരിച്ചു പോകത്തവരും, സൈന്യത്തില്‍ നിന്നും വിരമിച്ച് വീരകഥകള്‍ പറയുന്നവരും, പ്രവാസികളും, മദ്യപിക്കുന്നവരും അതില്ലാത്തവരും, പുക വലിക്കുന്നവരും ഇല്ലാത്തവരും, പൊങ്ങച്ചം പറയുന്നവരും വായില്‍ കമ്പിട്ടു കുത്തിയാല്‍ പോലും മിണ്ടാത്തവരും, വഴിയെ പോകുന്ന എറുമ്പിനെ പോലും കളിയാക്കുന്നവരും അങ്ങനെ എല്ലാരും വൈകുന്നേരം അമ്പലത്തിന്‍റെ ആല്‍ത്തറയില്‍ ഒത്തുകൂടും. പടയണി കഴിയുമ്പോ അന്നങ്ങളുടെ തടി ചട്ടങ്ങളില്‍ നീണ്ടു നിവര്‍ന്നു കിടന്നു കൊണ്ട് തന്നെ വെടി വട്ടം പറയാന്‍ സൌകര്യമുണ്ട്.



പ്രസ്തുത വേദിയിലാണ് ഇങ്ങനെ ഒരാശയം ഉദിച്ചത്. ഒരു ബോട്ടിങ്ങിന് പോയാലോ എന്ന്. ചര്‍ച്ചയായി. അവസാനം മദ്യപിക്കാത്ത പുകവലിക്കാത്ത പാട്ട് പാടാത്ത ഡാന്‍സ് ചെയ്യാത്ത വെള്ളം കണ്ടാല്‍ നീന്താന്‍ എടുത്തു ചാടാത്ത പന്ത്രണ്ടുപേര്‍ കൈ പൊക്കി. അങ്ങനെ ആ പന്ത്രണ്ട് അംഗ സംഘം പരിപാടിക്ക് പേരും ഇട്ടും "ബോട്ട് പടയണി." അതിനു കാരണം ഉണ്ട്. വള്ളം ബുക്ക് ചെയ്തത് പോകാമെന്ന് ആദ്യം പ്ലാന്‍ ഇട്ടെങ്കിലും സൌകര്യത്തിനു ഒരു ബോട്ട് കിട്ടിയപ്പോ പേരങ്ങനെ ആയി. അതുപോലെ ആഹാരം പാചകം ചെയ്തു കൂടെ കൊണ്ടുപോകാമെന്ന് തീരുമാനിച്ചു. കാരണം വഴിയിലുള്ള ഷാപ്പുകളില്‍ കിട്ടുന്ന ആഹാരം ശുധജലതിലാണല്ലോ ഉണ്ടാക്കുന്നത്. "ഭക്ഷണപ്രമുഖ്" ആയി നമ്മുടെ ഒരേ ഒരു പോലീസുകാരന്‍ നിയമിതനായി. ബോട്ടിന്റെ ഉത്തരവാദിത്വവും അദ്ധേഹത്തിനു തന്നെ. പോകുന്നതിനു തലേദിവസം കക്ഷിക്ക് പിടിപ്പത് പണിയായിരുന്നു. കപ്പ, ബീഫ്, മീന്‍കറി എല്ലാം ഉണ്ടാക്കി വലിയ പത്രത്തില്‍ പൊതിഞ്ഞു കെട്ടി. കൂടെ കുടിക്കാനുള്ള കഞ്ഞിവെള്ളം വഴീന്ന് മേടിക്കാന്‍ വലിയ ജാറും എടുത്തു. അങ്ങനെ "സംഭവാമി യുഗേ യുഗേ" എന്ന് പറയുന്ന പോലെ പരിപാടി രാവിലെ ആറു മണിക്ക് ആരംഭിച്ചു.



ഇനി അംഗങ്ങളെ പരിചയപ്പെടുത്താം. എല്ലാര്‍ക്കും പ്രിയങ്കരനും പടയണിക്കളത്തിലെ പ്രമുഖനും പൊതുവേ "സ്വാമി" എന്ന് വിളിപ്പേരുമുള്ള കണക്കപിള്ള (chartered accoutant) അനില്‍ പി, പ്രശസ്ഥ കഥകളി ചുട്ടികുത്തുകാരനും പടയണി ആശാനും സ്വതവേ കലാകാരനുമായ നീലമ്പേരൂര്‍ ജയന്‍, കഥകളി പാട്ടില്‍ കമ്പമുള്ള തടി പണിയില്‍ അല്‍ഭുതം സൃഷ്ടിക്കുന്ന നെടുംപള്ളില്‍ ജയന്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനും പടയണി ജീവതാളം ആക്കിമാറ്റിയ പയ്യമ്പള്ളില്‍ റെജി, പടയണി കളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍വശ്രീ പോലീസുകാരന്‍ ജയചന്ദ്രന്‍, സ്വന്തം ബിസിനസ് നടത്തുന്ന പടയണിക്കളത്തിലെ സെക്യൂരിറ്റി സുധീഷ്‌ പാറയില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റുള്ളോരെ കളിയാക്കി ഇരുത്തുന്നതില്‍ മാസ്റ്റര്‍ ഡിഗ്രീയുമുള്ള അജിത് പൂന്തോട്ടത്തില്‍, പട്ടാളക്കാരനും കിളിയുമായ ജിജി, നീലംപെരൂരിന്റെ ശബ്ദവും പ്രകൃതി സ്നേഹിയും നാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ അജയ്, കമ്പനി ഉദ്യോഗസ്ഥനും ആല്മാര്ഥതയില്‍ തന്‍ കവിഞ്ഞാരും ഇല്ലെന്നു തെളിയിച്ചിട്ടുള്ള സന്തോഷ്, പ്രവാസിയായ അണ്ണനും പിന്നെ ഞാനും.



അങ്ങനെ രാവിലെ ആറുമണിക്ക് എല്ലാവരും പടയണിക്കളത്തില്‍ ഒരുമിച്ചു കൂടുകയും ഓരോരുത്തരുടെയും വണ്ടികളിലായി ബോടിംഗ് തുടങ്ങുന്ന കൈനടിയില്‍ എത്തിച്ചേരുകയും ചെയ്തു. ഏതാണ്ട് എട്ടു മണിയോടു കൂടി സംഗതികള്‍ തുടങ്ങി. ചെറിയ ആരവരത്തോടെയും കൂകു വിളികളോടെയും തുടങ്ങിയ യാത്ര ജയന്‍ ചേട്ടന്‍റെ ഒരു കഥകളി പാട്ടോട് കൂടിയാണ് താളം മുറുകിയതു... "അങ്ങനെ ഞാനെങ്ങു പോവതോ .........." , " അജിത ഹരേ...മാധവ വിഷ്ണോ......" കഥകളി മാറി നാടന്‍ പാട്ടായി.... " ആലത്തൂരങ്ങടിയില് പോയി വരുമ്പോ ആകാശം മുട്ടിയുരുമ്മൊണൊരാല്മരം കണ്ടെന്നെ... " , " തന തന്തിനാ തന്തിനാ താനോ.... തന തന്തിനാ തന്തിനാ താനോ.... തകധിം താനോ.....തെങ്ങും വളപ്പില്‍ സൂര്യനുദിച്ചത് പോലെ എന്റെ മോള് കുഞ്ഞി പളുക്ക ദോ വരണെ..." പിന്നെ ഓട്ടം തുള്ളലായി...... പോലീസുകാരന്ടെ വക ഗാനമേള...... " അന്തിക്കടപ്പുറത്തൊരോല കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്...." ഒമ്പത് മണിയോടു കൂടി വയറ്റിന്നു ചീവീടുകള്‍ കരയാന്‍ തുടങ്ങി..കപ്പയും മീനും അകത്താക്കി.... കൂടെ കുടിക്കാന്‍....കൈനടിയില്‍ നിന്നും വാങ്ങിയ പത്ത് ലിറ്റര്‍ കഞ്ഞിവെള്ളവും... കഞ്ഞി വെള്ളം അകത്തു ചെന്നപ്പോള്‍ പാട്ടുകളുടെ കാലവും രാഗവും ഒക്കെ മാറി പിന്നെ കഥകളി, ഓട്ടം തുള്ളല്‍, നാടന്‍ പാട്ട് എന്നിവയുടെ ഈണത്തില്‍ നാട്ടില്‍ സകല ജീവ ജാലങ്ങളെ കുറിച്ചും പാരടി ഉണ്ടാക്കി പാടാന്‍ തുടങ്ങി. ..... അത് ശരിക്കും രസിച്ചു... "സംഗതികളെല്ലാം" ശരിക്ക് ഒത്തു വന്നു.




ആദ്യം കാവാലം കഞ്ഞിവെള്ളക്കടയില്‍ ബോട്ട് നിര്‍ത്തി തീര്‍ന്നുപോയ പത്തു ലിറ്റര്‍ നിറച്ചു. ഉച്ചയായപ്പോള്‍ അപ്പവും ചിക്കന്‍ കറിയും കഥകളിക്ക് രണ്ടു ചുവന്ന തടി വേഷങ്ങള്‍ ഒരുമിച്ചു രാഗത്ത് വരുന്ന പോലെ വന്നു. അടിപിടി കൂട്ടി അകത്താക്കി...കാരണം ദഹന രസം വേണ്ടുവോളം ശരീരത്തിലുണ്ടയിരുന്നല്ലോ. ഉച്ചയ്ക്ക് ശേഷം കാവാലം, ആര്‍ ബ്ലോക്കിലെ പ്രമുഖ സ്ഥലമായ "കാട്ടു ഷാപ്പ്" തേടി നടന്നു...ഒടുവില്‍ കണ്ടു പിടിച്ചു.... പഴം കഞ്ഞിവെള്ളവും, പുതു കഞ്ഞിവെള്ളവും, മധുരമുള്ളതും,. പുളി ഉള്ളതും പിന്നെ കയ്യില്‍ ഉണ്ടായിരുന്ന വിദേശീ കഞ്ഞിവെള്ളവും കൂട്ടി മിക്സ് ചെയ്തു സങ്കര ഇനത്തിലും ഓരോരുത്തരുടെയും ആമാശയം എറ്റുവാങ്ങിക്കൊണ്ടിരുന്നു. വൃക്കകള്‍ക്ക് പിടിപ്പതു പണിയും കിട്ടി.



കുമരകം കായലില്‍ എത്തിയപ്പോഴാണ് രസം. ഞങ്ങളുടെ ബോട്ട് ഒരു വാടകക്ക് എടുത്തു ഞങ്ങള്‍ ഏര്‍പ്പാടാക്കിയ തോര്‍ത്ത്‌ മാത്രം ഉടുത്ത നാവിക ക്യാപ്ടന്റെ മേല്‍നോട്ടത്തിലാണ് പോകുന്നത്. കഞ്ഞിവെള്ളം ഇടക്ക് കുടിക്കുന്നത് കൊണ്ട് ക്യാപ്ടന്‍ ഇടക്ക് സ്പീഡ് കൂട്ടുകയും ചെയ്യും. പക്ഷെ...കുമരകത്ത് 5000 മുതല്‍ വാടകയും കൊടുത്തു താടിക്ക് കായ്യും കൊടുത്തു പാവകളെ പോലെ... ചത്ത വീട്ടിലേക്ക് വിരുന്നിനു പോകുന്ന അമ്മായി അമ്മമാരെ പോലെ ഓരോന്ന് ഇരിക്കുന്നത് കണ്ടു ഞങ്ങള്‍ക്ക് സങ്കടം വന്നു. അവരിങ്ങോട്ട് നോക്കി കൊതി ഇറക്കുന്നത്‌ കണ്ടപ്പോ.... ചാത്തന് പൂജിക്കുന്നത് പോലെ ജയന്‍ ചേട്ടന്‍ കുറച്ച് കയ്യിലെടുത്തു തളിച്ച് കായയിലേക്ക് കളഞ്ഞു. വലിയ കെട്ടു വള്ളത്തില്‍ കേറി ഇരുന്നു കായല്‍ കാണാം എന്നല്ലാതെ...ഒരു ആഘോഷമോ പാട്ടോ, കഞ്ഞിവെള്ള കുടിയോ ഒന്നും അതില്‍ നടക്കില്ല..കാരണം ധാരാളം ആളുകള്‍ കാണും. അപ്പൊ ഒന്നും നടക്കില്ല... കുമരകത്ത് ഹൌസ് ബോട്ടില്‍ ആരോ പുക വലിച്ചുന്നു പറഞ്ഞുള്ള പുകിലുകള്‍ പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. പക്ഷെ വാടകക്ക് എടുത്ത വീട്ടില്‍ എന്ത് അലമ്പ് കാണിച്ചാലും ആരും ചോദിക്കാനില്ലലോ...



അങ്ങനെ വൈകിട്ട് ഏഴു മണിയോടു കൂട്ടി ഒരു പടയണി കഴിഞ്ഞ ക്ഷീണത്തോടെ എല്ലാവരും തിരിച്ചു വീട്ടിലെത്തി. പക്ഷെ ചുണ്ടില്‍ അപ്പോഴും രസകരമായ പാട്ടുകള്‍ എല്ലാവരിലുമുണ്ട്. അങ്ങനെ ഒരു "ബോട്ട് പടയണി" ....ഇത്തവണത്തെ ബോട്ട് പടയണി സെപ്റ്റംബര്‍ അവസാനം.



ഈ ബോട്ട് പടയണിയുടെ പടങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും
.

2009, മാർച്ച് 11, ബുധനാഴ്‌ച

ഒരു വോട്ട് സാമ്പാറിന്

പ്രിയപ്പെട്ട സമ്മതിദായകര്‍ക്ക്,

എന്‍റെ പേര് സാമ്പാര്‍ , ഞാന്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ. ഞാന്‍ ഒരു പ്രാദേശിക പാര്‍ട്ടിയേയും പ്രതിനിധനം ചെയ്യുന്നില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളട്ടെ.

എന്‍റെ നിറം പച്ചയോ, ചുമലോയോ, കാവിയോ, വെളുപ്പോ ഒന്നുമല്ല. നിങ്ങള്‍ക്കെല്ലാം പരിചിതവും ഇഷ്ടപ്പെട്ടതുമായ ഒരു നിറക്കൂട്ട് തന്നെയാണ് എന്റെത് . അതുപോലെ ഞാന്‍ ബംഗാളിലും കേരളത്തിലും അല്ലെങ്കില്‍ കാശ്മീരിലും കേരളത്തിലും അല്ലെങ്കില്‍ മഹാരഷ്ട്രയിലും കേരളത്തിലും അതുമല്ലെന്കില്‍ ഉതര്പ്രദിശിലൊ ബീഹാറിലോ മാത്രം കണ്ടു വരുന്ന ഒരു അപൂര്‍വ ജീവിയുമല്ലെന്നു ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

ഭാരതം മുഴുവന്‍ അറിയപ്പെടുന്ന എന്റെ പാര്‍ട്ടിയിലെ പ്രമുഖരെ നിങ്ങള്‍ക്ക് പരിചയെപ്പെടുത്താം. ഹരിയാനയിലെ "ഉലുവ" , രാജസ്ഥാനിലെ "കായം" , മധ്യപ്രദേശിലെ "പരിപ്പ്" , ഉത്തര്‍പ്രദേശിലെ "മുളക്" , കര്‍ണാടകയിലെ " മഞ്ഞള്‍ ", തമിഴ്നാട്ടിലെ "പച്ചകറികള്‍" കേരളത്തിലെ "വെള്ളം" . യാതൊരുവിധ പ്രാദേശിക പരിഗണനയുമില്ലാതെ ഒറ്റക്കെട്ടായി ഞങ്ങള്‍ മുമ്പൊട്ട് പോകുന്നു. ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ ഞങ്ങളില്‍ ആരെയും നിങ്ങള്‍ക്ക് ഒറ്റക്ക് വേര്തിരിച്ചെടുക്കാനാവില്ല. അത്രയ്ക്ക് കെട്ടുറപ്പാണ് . ഞങ്ങളുടെ മുദ്ര്യാവാക്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. " ഓരൊറ്റ ഇന്ത്യ , ഒരൊറ്റ ജനത, ഒരൊറ്റ സാമ്പാര്‍ " അതുകൊന്ട് വളരെ ശക്തവും നിങ്ങള്‍ ഏവരും ഇഷ്ടപ്പെടുന്നതുമായ എന്നെ വിജയിപ്പികണമെന്നും സീറ്റിനു വേണ്ടി കടിപിടി കൂടുന്ന ഈര്‍ക്കില്‍ പാര്‍ടികളെ തോല്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട്ട് ,
നിങ്ങളുടെ സ്വന്തം സാമ്പാര്‍

2009, മാർച്ച് 10, ചൊവ്വാഴ്ച

നശിച്ച രാഷ്ട്രീയം !!!

കൂട്ടുകെട്ടിന്‍െറ രാഷ്ട്രീയം എന്ന പേരില്‍ മനോരമയില്‍ വന്നൊരു ലേഖനമാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇരുപതു വര്‍ഷത്തോളം ആയത്രേ നമ്മുടെ നാട്ടില്‍ ഒരു ഒറ്റ കക്ഷി ഭരണത്തില്‍ വന്നിട്ട്. രാജ്യത്തിന്‍റെ പുരോഗതി അത്രയ്ക്കും പുറകോട്ട് പോകുന്ന കാഴ്ചയല്ലെ നമ്മള്‍ നിത്യവും കാണുന്നത്. നാലും മൂന്നും ഏഴു പേരുള്ള പ്രാദേശിക പാര്ട്ടികള്‍ വരെ മുന്നണിയുടെ പേരില്‍ മല്‍സരിക്കുന്നു. ദേശീയ രാഷ്ട്രീയ പാര്‍ടികള്‍ക്ക് അവരുടെ മുഴുവന്‍ ശക്തിയും അല്ലെങ്കില്‍ ചെറുപ്പക്കാരുടെ ഒരു മുഴുവന്‍ നിരയെയും മല്‍സരിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ. അതുപോലെ കേരളം കണ്ടിട്ടേ ഇല്ലാത്ത ഏതൊ വടക്കുള്ള ഒരുത്തനും ഇവിടെ സീറ്റ് കിട്ടി. 540 സീറ്റ് ഉള്ളിടത്ത് 300 കൊണ്ട്ട് തൃപ്തിപ്പെടേണ്ട അവസ്ഥ. ഇനി പ്രാദേശിക രാഷ്ട്രീയത്തിലെ നേതാവ് മന്ത്രി ആയാലോ വികസനം മുഴുവന്‍ ആ നാട്ടിലേക്കും പോകും. മുരശൊലി മാരനും ലാലുവും നല്ല ഉദാഹരണങ്ങള്‍. ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടുന്നില്ല. കൂടുതല്‍ വന്നാല്‍ 200 കൊണ്ട്ട് തൃപ്തിപ്പെടേണ്ടി വരുന്നു. അപ്പോഴും ഭരണത്തില്‍ ഏറാന്‍ കുതില്‍വെട്ടും അഴിമതിയും. നാട് കുട്ടിച്ചോറാവാന്‍ വേറെ വഴി വല്ലതും വേണോ?
ശരിക്കും വോട്ട് ചെയ്യുന്ന ജനങ്ങളെ വെറും മണ്ടന്മാരക്കിയല്ലേ ഈ രാഷ്ട്രീയ പാര്‍ടികള്‍ ഈ പണികള്‍ ചെയ്യുന്നത്. നമ്മള്‍ ബോധവാന്‍മാരാകേണ്ട കാലം കഴിഞ്ഞു. ഇവിടെ എല്ലാവര്ക്കും വോട്ട് ബാങ്ക് ഉള്ള പോലെ നിക്ഷ്പക്ഷ കക്ഷികളും , അതായത് രാജ്യത്തിന്‍റെ പുരോഗതി ലക്ഷമാക്കിയിരിക്കുന്ന എല്ലാ ആള്‍ക്കാര്‍ ഒന്നിച്ചു മുമ്പൊട്ട് വന്നു ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം. പ്രാദേശിക പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലാന്ന് വയ്ക്കണം. ആദ്യ മരുന്നതാണ്. എല്ലാ രാഷ്ട്രീയ പാര്ട്ടികളിലും വിശ്വസിക്കുന്നവരുടെ മൊത്തം എണ്ണം നോക്കിയാല്‍ വോട്ടവകാശം ഉള്ളവരുടെ 40% ഇല്‍ കൂടുതല്‍ വരില്ല. ബാകി വരുന്ന നമ്മളെ പോലുള്ള 60 % നിഷ്പക്ഷരുടെ വോട്ട് ആണ് ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് സുഹൃത്തുക്കളെ സംഘടിക്കുവിന്‍. നമ്മുടെ ഒരൊറ്റ വോട്ട് പോലും പാഴാക്കരുത്.

2009, മാർച്ച് 3, ചൊവ്വാഴ്ച

ബ്ലോഗ് എഴുതുന്നവര്‍ക്ക് പറ്റുന്ന സേവനം

മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവര്‍ ഈ ഭാഷ വളരെ നന്നായി കമ്പ്യൂട്ടറില്‍ എഴുതാന്‍ പഠിച്ചിട്ട് ഉണ്ടെന്നാണ് എന്റെ വിശ്വാസം. തന്റെ ആ കഴിവിനെ വരും തലമുറക്ക് വേണ്ടി അല്‍പ സമയം മാറ്റി വച്ചാല്‍ വളരെ നല്ലതായിരിക്കുമെന്ന് തോന്നുന്നു. സ്വതത്ര വിഞാനകൊശമായ വിക്കിയില്‍ നിരവധി ലേഖനങ്ങള്‍ അപൂര്‍ണമാണ്. നിരവധി സ്ഥലങ്ങളെ പറ്റിയുള്ള വിവരണം, ഉത്സവം, പെരുന്നാള്‍, പ്രധാന ദിവസങ്ങള്‍, പ്രധാന ആചാരങ്ങള്‍ അങ്ങനെ മലയാളത്തില്‍ നമ്മള്‍ കണ്ടും കെട്ടും പരിചയമുള്ള എല്ലതിനെ കുറിച്ച് വേണമെന്കിലും അവിടെ എഴുതി വരും തലമുറക്ക് ഗുണം ചെയ്യുന്ന രീതിയില്‍ എന്തെന്കില്‍ ചെയ്‌താല്‍ അത് നമ്മുടെ മനസ്സിനൊരു സന്തോഷവും സുഖവും തരില്ലേ? സ്വന്തം സ്ഥലവും അതിന്‍റെ ചരിത്രങ്ങളും അവിടെ നടക്കുന്ന പ്രധാന കാര്യങ്ങളും അറിയാത്തവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല.


പക്ഷെ എഴുതുമ്പോള്‍ വിക്കി അനുശാസിക്കുന്ന നിയമാവലികള്‍ പാലിച്ചിരിക്കണം. കാരണം വിജ്ഞാന കോശം എന്ന മേഖലയില്‍ ആണ് ആത് പ്രവര്‍ത്തിക്കുന്നത്. എന്നേക്കാള്‍ വളരെ നല്ലവണ്ണം അതുപയോഗിക്കുന്നവരും അതില്‍ സംഭാവന നല്‍കുന്നവരും അതിന്‍റെ കര്യകര്തക്കന്മാരായി പ്രവര്‍ത്തിക്കുന്നവരും ഈ ബ്ലോഗ് ലോകത്തില്‍ ഉണ്ടെന്നു എനിക്കറിയാം. ബ്ലോഗില്‍ ഞാന്‍ ഒരു പുതിയ ആള്‍ ആയതുകൊന്ട് ഇതെഴുതിയെന്നു മാത്രം. ചില ബ്ലോഗുകളും അതിന്‍റെ കമന്റുകളും വായിച്ചപ്പോ ഇവിടെ ആക്റ്റീവ് ആയ ചില വ്യക്തികള്‍ വിക്കിയുമായി അത്ര നല്ല ചെര്ച്ചയില്‍ ‍ അല്ലെന്നു മനസ്സിലായി. മാത്രവുമല്ല വിക്കിയിലെ പുതിയ അപ്ഡേറ്റുകള്‍ നോക്കിയപ്പോ വളരെ കുറച്ചു സംഭാവനകളെ ഈ ബ്ലോഗ് ലോകത്ത് നിന്നും കാണുന്നും ഉള്ളൂ. അത് തന്നെയാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും.


നമ്മള്‍ കൂട്ടായി വിചാരിച്ചാല്‍ പല സംരഭംങളും വളരെ വിജയകരമാക്കി തീര്‍ക്കാം. ബ്ലോഗ് എഴുതുന്ന കൂട്ടത്തില്‍ ഒരു മണിക്കൂര്‍ അതിനു വേണ്ടി മാറ്റി വച്ചാല്‍ അത് നമ്മുടെ പുതു തലമുറയോട് നമ്മള്‍ ചെയ്യുന്ന ഏടവുമ് വലിയ ഒരു പുണ്യ പ്രവര്‍ത്തി ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഈ കാര്യത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു. പടല പിണക്കങ്ങള്‍ ഒക്കെ മാറി ഒരു നല്ല കാര്യത്തിനു വേണ്ടി എല്ലാവരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ .... പാക്കരന്‍

ഞാന്‍ വിക്കിയിലെ ഒരു സാധാരണ user മാത്രമാണ്.

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ബൂലോക തുള്ളല്‍ ( ഭാഗം ഒന്ന് )

തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുന്ചന്നമ്പ്യാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു കൊണ്ട്ട് ഒരു "ബൂലോക" തുള്ളല്‍ ഇവിടെ ആരംഭിച്ചോട്ടെ..... കാര്യങ്ങള്‍ പറയാന്‍ പലരും കഥകളും കവിതകളും ലേഖനങ്ങളും ഉപയോഗിക്കുമ്പോള്‍ ഈ എളിയവന്റെ ഈ പുതിയ സംരംഭം ഒരു അഹങ്കാരമാകില്ല എന്ന വിശ്വാസത്തോടെ തുടങ്ങട്ടെ.


നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

കണ്ടു മടുത്തതും കേട്ട് മടുത്തതും നാട്ടില്‍ പലവിധ പാട്ടായിങ്ങനെ

ചാനലു തോറും കണ്ടു വരുമ്പോള്‍ അടിയനു തോന്നുന്നീവിധമല്ലോ

തവ കേരള മാര്‍ച്ച് രക്ഷാ മാര്‍ച്ച് ശിക്ഷാ മാര്‍ച്ച് അങ്ങനെ പലവിധമുന്റെ

കൂടെ കൂടെ മുക്കിനു മുക്കിനു ഹര്‍ത്താലുകളും ജാഥകളുമായി

ജീവിതമങ്ങനെ കട്ട പൊകയായി പോകുന്നേരം

പുലിയെ പോലെ ഇരിക്കുന്നവനൊരു എലിയെപ്പോലെ വരുന്നത് കാണാം.

ശംഖ് മുഖത്തൊരു "ചെങ്കടല്‍" കാണാം വേദിയിലാണേല്‍ ഈ എലിയും ഉന്ടേ..

"വരുമോ" "നമുക്ക് കാണാം" "ഞാനില്ല" എന്നീ വാക്കുകള്‍ പത്തിരുപതു ദിനമായി

ചാനലു തോറും കണ്ടു മടുത്തോരടിയന്‍ പെട്ടന്നത് കണ്ടപ്പോള്‍ ചൊല്ലി..

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ


എന്തൊരു മോശം എന്തൊരു നാശം മാനമതുന്ടേല്‍ ചെയ്യുമോ ഇതുപോല്‍

ചാനലുകാരോ കണ്ടത് നേരം കാശുണ്ടാക്കാന്‍ വഴിയതു നോക്കി.

"എലിയും" കൂടി വന്നൊരു നേരം കാണാനാളുകള്‍ ഓടിക്കൂടും

തക്കം നോക്കി പല പല പരസ്യം വിഢിപ്പെട്ടീല് മിന്നി മറിഞ്ഞു

അങ്ങനെ നോക്കി ഇരിക്കുന്നേരം ദാണ്ടെ വരുന്നൊരു മുട്ടന്‍ സാധനം

"രണ്ടു രൂപയ്ക്കു" അരിയത് വങ്ങണേല്‍ വോട്ടുകള്‍ കുത്തി തന്നീടേണം

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

...ഒരു ശിവരാത്രിയുടെ ഓര്‍മ്മക്കായ്....

കഥ നടക്കുന്നത് പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. നിക്കറിട്ടു നടന്നപ്പോള്‍ തുടങ്ങിയ പ്രേമം ശരിക്കും തലയ്ക്കു പിടിച്ചത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. കൂടെ പഠിച്ച സഹപാഠി ആയതുകൊണ്ടാണോ അതോ നാട്ടുകാരായത് കൊണ്ടാണോ എന്നറിയില്ല.. പ്രേമേം മനസ്സില്‍ കലശലയിട്ട് ഉണ്ടെങ്കിലും പുറമെ നടിച്ചിട്ടില്ല. അതുവരെയുള്ള സൌഹൃദം നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ലവള് വേറെ ആരെങ്കിലുമായി ലബ്ബ് ആണോ എന്ന സംശയം മൂലമോ എന്നറിയില്ല.. എന്തായാലും സംഗതി നേരിട്ടു പറഞ്ഞിട്ടേയില്ല.. പരസ്പരം ഇഷ്ടമാണെന്ന് ആദ്യമായി നേരിട്ടു പറയുന്നത് കല്യാണത്തിന് രണ്ടു വര്‍ഷം..മുമ്പാണ്. പക്ഷെ ഡിഗ്രിക്ക് പഠിക്കുമ്പോ തലയില്‍ പുരോഗമന ആശയങ്ങളും ഭാരതീയ ചിന്തകളും കൂലം കുത്തി ഒഴുകുന്ന സമയം... രണ്ടും കല്പിച്ച് ഒരു കത്തെഴുതി ക്ലാസ്സില്‍ പോകാത്ത ദിവസം പകര്‍ത്തി എഴുതാന്‍ മേടിച്ച നോട്ട് ബുക്കില്‍ വച്ചു കൊടുത്തു. വലിയ കുഴപ്പമില്ലാത്ത ഒരു മലയാളം കത്തായിരുന്നു അത്. പക്ഷെ ധോണ്ടെട വരുന്നു അതിന് ഒരു ആംഗലേയ മറുപടി. പുലിവാല്‌ പിടിച്ചല്ലോ എന്നോര്‍ത്ത് വായിച്ചു...അപ്പൊ സംഗതി എന്താണ്.... കക്ഷിക്ക് ഒട്ടും താല്പര്യ കുറവില്ല .. പക്ഷെ വീടുകരെയും നാട്ടുകാരെയും പേടി.. ആരെങ്കിലും അറിഞ്ഞാലോ.. നാണക്കെടകില്ലേ എന്നൊക്കെയുള്ള ഒരു ഭയം നിറഞ്ഞ അവിടെയും ഇവിടെയും തൊടാതെയുള്ള ഒരു കത്ത്.. എനിക്കാണെങ്കില്‍ സംഗതി അറിയാനുള്ള വെമ്പലും. നേരെ നൂറു മീടര്‍ അകലെയുള്ള കക്ഷിയുടെ വീടിലേക്ക്‌ നടരാജന്‍ ബസ്സ് പിടിച്ചു യാത്രയായി.. വിളിച്ചു സ്വകര്യമായി സംഗതി ചോദിച്ചു. ലവളുടെ അമ്മൂമ്മയും അമ്മയും ധരിച്ചത് എന്തോ കോളേജ് പഠനക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ്. പക്ഷെ... കക്ഷിയുടെ മുഖത്ത് അപ്പോഴും കത്തില്‍ കണ്ടപോലെയുള്ള അതെ ഭയം. തുറന്നു പറയാന്‍ മടി. ലോകത്തിലുള്ള സകലതിനെയും വെറുത്ത സമയം. നാട്ടില്‍ എന്തിനും പോന്ന ഒരു കൂടുകരനുണ്ടായിരുന്നു...സങ്ങത്ടികളെല്ലാം അവനോടു പറഞ്ഞു.. അപ്പൊ തന്നെ. .. അവനെയും കൂട്ടി അന്ന് അടുത്തുള്ള സ്ഥലത്തെ അമ്പലത്തിലെ ശിവരാത്രി ഉത്സവത്തിന് പോകുന്നു. കലാ പരിപാടികള്‍ തുടങ്ങാന്‍ പിന്നെയും സമയം ബാകി. അവന്‍ എന്നെയും കൂടി ഒരു സ്ഥലത്തേക്ക് പോയി..എവിടെക്കാണെന്ന് ഞാന്‍ ചോദിച്ചിട്ട് ഒരക്ഷരവും പറയുന്നുമില്ല.. അവസാനം സ്ഥലത്തെത്തിയപ്പോള്‍....നാട്ടിലെ പ്രധാന പയ്യന്സുകളും ചേട്ടന്‍മാരും എല്ലാം അവിടെ ഹാജര്‍ ഉണ്ട്. ചേട്ടന്മാരുടെ ഒക്കെ അടുത്ത് പുഴുങ്ങിയ മൊട്ടയും കയ്യില്‍ പച്ചവെള്ളം ( അന്നങ്ങനെ ആദ്യം കരുതി) നിറച്ച ഗ്ലാസും. നമ്മളെ കൊണ്ടുപോയ നമ്മുടെ കൂടുകാരന്‍ ഒരു ഗ്ലാസും മൊട്ടയും എനിക്ക് നേരെ നീട്ടി. കൂടെ അവന്‍റെ ഒരു കമന്റും എടാ മനസ്സിന്റെ വിഷമങ്ങള്‍ ഒക്കെ പോകാന്‍ ഇതു നല്ലതാണെന്ന്. ഒരു മണിക്കൂര്‍ നടന്നതിന്റെ ക്ഷീണം മൂലമോ അതോ വിഷമം മൂലമോ എന്നറിയില്ല... അത് വാങ്ങി കഴിച്ചു മൊട്ടയും അകത്താക്കി...പിന്നെ... വിഷമം പോയോ സന്തോഷം വന്നോ എന്നൊന്നും അറിയില്ല.. പണ്ടാരക്കാലന്‍ ഒരു ഗ്ലാസ് മൊത്തം നിറച്ചാണ് തന്നത്.. രാവിലെ ഒരു ആറു മണിയയപ്പോ... അച്ചന് അടുത്തു പരിചയമുള്ള...ഒരു കടക്കാരന്റെ...തിണ്ണയില്‍ കിടന്നു... സുഖ സുഷുപ്തി കഴിഞ്ഞു കണ്ണ് തിരുമ്മി എഴുന്നേല്‍ക്കുന്ന സമയം.. പരിപാടി കണ്ടു തിരിച്ചു വന്ന വഴി..ക്ഷീണം കാരണം കിടന്നു പോയതാണെന്ന്... പുള്ളിയോട് ന്യായവും.... പക്ഷെ.. നല്ല നാടന്‍ വാളിന്‍റെ മണം കടക്ക് പരിസരത്തെല്ലാം ഉണ്ട്ട്. എന്തൊക്കെയോ ന്യായം പറഞ്ഞു അവിടുന്ന് തടി തപ്പിയെന്നു പറഞ്ഞാല്‍ മതിയല്ലോ... വീടിലും നമ്മുടെ പ്രണയിനിയും അറിയരുതേ എന്നൊരു പ്രാര്ത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ..... മഹാദേവന്റെ അനുഗ്രഹം കൊണ്ടു അങ്ങനെയുള്ള ചതികള്‍...സംഭവിച്ചില്ല...ശിവ..ശിവ..അങ്ങനെ ഒരു ശിവരാത്രി....പത്തൊമ്പതാം വയസ്സില്‍..

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

എന്റമ്മോ വെള്ളം കുടിച്ചു ചാവും

ഡെയിലി ഒരു കുപ്പി വെള്ളം കുടിച്ചോണ്ടിരുന്ന ഞാനിപ്പോ 5 കുപ്പി ആക്കി. സംഗതി അതല്ല പ്രശ്നം. പത്തു മിനിറ്റു ഇടവിട്ട്‌ ഒന്നിന് പോകേണ്ടി വരികയെന്ന് വച്ചാല്‍ കഷ്ടം തന്നെ അല്ലെ? ആ എന്തായാലും ഒരു നല്ല കാര്യത്തിനല്ലേ.. സഹിക്കാം അല്ലെ? ആ പടത്തില്‍ അല്ലെങ്കില്‍ ഇവിടെ ഞെക്കിയാല്‍ കൂടുതല്‍ വായിക്കാം.

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ദൈവമേ ഇതൊക്കെ കാണണമല്ലോ.. !!!

മുന്‍ ക്രിക്കെറ്റ് താരം "മുഹമ്മദ് അസരുദ്ദിനു വീണ്ടും കൈവഴക്കം " എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത‍ മനോരമയില്‍. ചതിച്ചോ ദൈവമേ !! ഇവനെ വീണ്ടും ടീമിലെടുതോ എന്ന അകവാളൊടെ വാര്‍ത്ത‍ വായിച്ചപ്പോഴല്ലേ രസം. കക്ഷി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ വാര്‍ത്തയാണ്‌. കൈ വഴക്കമെന്നു ഉദേശിച്ചത് കോഴ വാങ്ങുന്നതിലാണോ അതോ ? കാത്തിരുന്നു തന്നെ കാണാം. ഒരു കാര്യം ഉറപ്പായി . ഒരു കള്ളനും കൂടി ഇനി വോട്ട് ചോദിച്ചു വരും.

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

സുധാകരന്റെ പുതിയ കട


ഒരു സി.പി.എം. ഓഫിസിനു മുന്‍പില്‍ ചെന്നപ്പോള്‍ അവിടെ തൂക്കിയിരിക്കുന്ന പുതിയ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടുഒന്നുമല്ല ദോ ഇതു തന്നെ . നാളെ മുതല്‍ അരവണ, അപ്പം, ചന്ദനത്തിരി ,എണ്ണ, തുടങ്ങിയ പൂജ സാധനങ്ങളും കൂടാതെ പ്രതിമകള്‍, ദേവന്മാരുടെ പടങ്ങള്‍ എന്നിവയും വില്‍ക്കപ്പെടും.

2009, ഫെബ്രുവരി 17, ചൊവ്വാഴ്ച

നീലംപേരൂര്‍ പടയണി

നീലംപേരൂര്‍ പടയണിയെ കുറിച്ചു ഞാന്‍ എഴുതാന്‍ ആളല്ല എന്നാലും ആ നാട്ടുകാരന്‍ എന്ന നിലയില്‍ എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതണമെന്നു ആഗ്രഹിച്ചിട്ടു ഒത്തിരി നാളുകളായി. പക്ഷെ അതിനുള്ള ഭാഗ്യവും അനുഗ്രവും ഇന്നാണ് കിട്ടിയത് .

ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് കോട്ടയം ജില്ലയൊട് ചേര്‍ന്ന്‌ കുട്ടനാട്ട് താലൂക്കില്‍ പെട്ട ഒരു സ്ഥലമാണ്‌ നീലംപേരൂര്‍ . back water ഭംഗിയും നെല്പടന്ഗലുടെ സൌകുമാരിതയും ചേര്‍ന്ന്‌ ഒരു അതിമനോഹരമായ ഗ്രാമം. എല്ലാരും സ്വന്തം ഗ്രാമത്തെക്കുറിച്ച് പുകഴ്ത്തി പറയും ഇതങ്ങനെ അല്ല കേട്ടോ. നീലംപെരൂരിന്റെ കാതലായ സ്ഥലത്ത് എല്ലാ ഐശ്വര്യവും ഒത്തിണങ്ങി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചരിത്രത്തെ കുറിച്ചു ഞാന്‍ അധികം പറയുന്നില്ല. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വായിക്കാം.
പുരാതന പടയണിയുടെ രൂപമാണ് നീലമ്പെരൂരിന്റെ എന്ന് പറയാം. പ്രക്രിതിയുമായി ഇത്രയും അടുത്തു നില്ക്കുന്ന ഒരു പടയണി വേറെ ഇല്ലാന്ന് തന്നെ പറയാം. കാരണം പ്രകൃതിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ അതേപടി തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത് അതിന് രൂപമാറ്റം ഒന്നും സംഭവിക്കുന്നില്ല. അതായത് തടി, കച്ചി, വാഴപ്പോള, താമര ഇല, ചെത്തിപൂവ് ഇവയൊക്കെയാണ് മുഖ്യം. അതുകൊന്ട് തന്നെ ഈ പടയണി ആ നാട്ടുകാരുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായി മാറിയിട്ടുണ്ട്. ലോകത്ത് എവിടെ ആണെങ്കിലും ഈ നട്ടുകാരന്‍ ആണെങ്കില്‍ അന്നേ ദിവസം എങ്ങനെയെങ്കിലും അവിടെ എത്തിയിരിക്കും. അതാണ് ഈ പടയണിയുടെ പ്രത്യേകത. അന്നങ്ങളും കോലങ്ങളും അങ്ങനെ തിരുവോണത്തിന്റെ പിറ്റേ ദിവസം തുടങ്ങുന്ന പടയണി പതിനാറു ദിവസത്തെ അത്യധ്വനതിന്റെ ഭലമായി പൂരം നാളില്‍ പരിസമാപ്തി ആകും. ശരിക്കും ഒരു ഗ്രാമത്തിന്‍റെ സമര്‍പ്പണം തന്നെയാണ് നീലംപേരൂര്‍ പടയണി. കാരണം ആബാലവൃധം ജനങ്ങളും ജാതി മത ഭേദമെന്യേ പങ്കെടുക്കുന്ന പടയണി നീലംപേരൂരില്‍ മാത്രമെ കാണൂ.
അരയന്നം വിവിധ വലുപ്പത്തില്‍ മുപ്പതു അടി മുതല്‍ മൂന്ന് അടിവരെ പോക്കമുള്ളത്കൂടാതെ ആന, രാവണന്‍, ഭീമന്‍, യക്ഷി, അമ്പലക്കോട്ട, അങ്ങനെ നിരവധി കോലങ്ങളും. ഇവയെല്ലാം പൂരം നാളിലെ പണി പൂര്‍ത്തിയാകൂ.. തിരുവോണത്തിന്റെ പിറ്റേ ദിവസം മുതല്‍ചൂട്ട് പടയണി തുടങ്ങും, പിന്നെ അന്ചാം ദിവസം മുതല്‍ ഈരല്‍ കൊണ്ടു കുടയും ഒന്‍പതാം ദിവസം മുതല്‍ പ്ലാവില കൊണ്ടുള്ള കോലങ്ങളും പതിമൂന്നാം ദിവസം മുതല്‍ വാഴപ്പോളയും . പതിനാറാം ദിവസം ശരിക്കും പൂരം തന്നെയാണ്.. ഓരോരുത്തരുടെയും മനസ്സിലും നാട്ടിലും.
വിദേശത്ത് , പട്ടാളത്തില്‍ അങ്ങനെ ദൂരെ സ്ഥലങ്ങളില്‍ എവിടെ ആണെങ്കിലും എല്ലാവരും തിരുവോണത്തിന് പങ്കെടുത്തില്ലെങ്കിലും പൂരത്തിന് പങ്കെടുക്കാന്‍ കാലെ കൂട്ടി നാട്ടിലെത്തി ചേരും . ഇവരാരെയും അന്വഷിച്ച് ഈ പതിനാറു ദിവസം അവരുടെ വീടുകളില്‍ ചെന്നാലും കാണില്ല. ക്ഷേത്ര പരിസരത്ത് മാത്രമെ കണ്ടു കിട്ടൂ. കേരളത്തില്‍ എല്ലായിടത്തും ഓണം വരുമ്പോഴാണ് മനസ്സിന് സന്തോഷം. പക്ഷെ നീലംപെരൂര്കര്‍ക്ക് തിരിച്ചാണ്. ഓണം തീരുമ്പോഴാണ് സന്തോഷം. കാരണം, പൂരം തുടങ്ങുകയാണല്ലോ. ആ നാട്ടിലെ ആബാലവൃധം ജനങ്ങളും ഒരുമിച്ചു സന്തോഷിക്കുന്ന വര്‍ഷത്തിലെ പതിനാറു ദിവസം ഇതാണെന്ന് തീര്‍ത്തും പറയാം. എന്നും വൈകുന്നേരം പണി ഒക്കെ കഴിയുമ്പോ ആരുടെ എങ്കിലും വകയായി കപ്പ പുഴുങ്ങിയതും മുളകും ഉണ്ടാക്കും. അത് തിന്നാന്‍ വേണ്ടി തന്നെ സ്കൂള്‍ വിട്ടു പിള്ളേര്‍ അമ്പലതിങ്കല്‍ കൂടി ഓരോ തെക്കിലയും പിടിച്ചു ഇരിക്കുന്ന ഇരിപ്പ് ഓര്‍ക്കുമ്പോള്‍ഇപ്പോഴും ചിരി അടക്കാന്‍ പറ്റുന്നില്ല . പകുതി അവര്‍ തന്നെ തിന്നോണ്ട് പോകും. പണി ചെയ്തവര്‍ക്ക് മുളക് മാത്രം കിട്ടും ചിലപ്പോ. പക്ഷെ സ്വന്തം കുട്ടികളുടെ ആ സന്തോഷം വേറെ എവിടെ കിട്ടാന്‍. പടയണിയെ ഇത്ര ജനകീയമാക്കിയതില്‍ ആ നാട്ടിലെ ചെറുപ്പക്കാരുടെ പങ്കിനെ ഒട്ടും കുറച്ചു കാണാന്‍ പറ്റില്ല. ക്ഷേത്രം മെല്ശാന്തിയുടെയുമ് പിന്നെ നാട്ടിലെ ഇരട്ട സഹോദരന്മാരുടെയും ശ്രമഭലമായി പടയണി വീഡിയോ യില്‍ എടുക്കുകയും youtube ഇല്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താല്‍ വീഡിയോ കാണാം. കൂടുതല്‍ എന്ത് പറയാന്‍. നേരിട്ടു തന്നെ കാണുക. ഈ വര്‍ഷത്തെ പൂരം സെപ്റ്റംബര്‍ 18 നു ആണ്. വന്നു കാണുക.. അപ്പൊ ബോധ്യമാകും ഞാന്‍ പറഞ്ഞതൊന്നും കള്ളമല്ല എന്ന്.

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

പത്രങ്ങളുടെ അധപതനം


മനോരമ പത്രം വായിക്കാമെന്ന് വച്ചു രാവിലെ ഇന്റര്നെറ്റ് ഓപ്പണ്‍ ചെയ്തു നോക്കിയപ്പോ കണ്ട പുകില്‍ ആണിത് . കേരള പേജിലേക്ക് നോക്കിയപ്പോ ഒരേ ഒരു ന്യൂസ് തന്നെ പല പേരില്‍ പലതായി വ്യാഖ്യാനിച്ചു നല്‍കിയിരിക്കുന്നു. അല്ല കേരളത്തില്‍ വേറെ ന്യൂസ് ഒന്നും ഇല്ലാഞ്ഞിട്ടാണോ ഇന്ത്യയിലെ No.1 എന്ന് അഭിമാനിക്കുന്ന ഈ പത്ര വിരുതന്‍ ഈ മാതിരി പരിപാടികള്‍ കാണിച്ചുകൂടി ഈ വായിക്കുന്നവനെ വെറും വിഠിയക്കുന്നത്. വേറെ ഏതെങ്കിലും പത്രത്തിന്റെ സൈറ്റ് ഓപ്പണ്‍ ആക്കാമെന്ന് വച്ചാല്‍ ജോലി ചെയ്യുന്നിടത്ത് അതൊന്ന് തുറക്കേണ്ട. പോയി പണി നോക്കെടാ എന്നാ അഡ്രസ്സ് ടൈപ്പ് ചെയ്യുംമ്പോ പറയുന്നത് . കിട്ടുന്നതിനാണെങ്കില്‍ ഈ വിധവും. സംശയം ഉണ്ടെകില്‍ ദോ നോക്കിക്കോ.

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

ഈ ബ്ലോഗ് ഒക്കെ ആര് വായിക്കാന്‍

ബ്ലോഗ് എഴുതുക എന്ന് വച്ചാല്‍എന്തെങ്കിലും ഒക്കെ എഴുതിപ്പിടിപ്പിക്കുക എന്ന ഏര്‍പ്പാടാണെന്ന് പൊതുവെ ഒരു ധാരണ ഉണ്ട് . ആ ധാരണ എന്തായാലും ഞാന്‍തിരുത്തുന്നില്ല . ഞാനും എന്തേലും വെറുതെ കുത്തി കുറിക്കട്ടെ . ഇന്നത്തെ കാലത്ത് എന്തും എഴുതി വയ്ക്കാന്‍ ഇതുപോലെ സൌകര്യങ്ങള്‍ ഉണ്ടല്ലോ . അതും തികച്ചും സൗജന്യമായി. പണ്ടാതാണോ സ്ഥിതി. ഒരു കവിതയോ കഥയോ ഒന്നു അച്ചടിച്ചു 10 പേരെ ഒന്നു അറിയിക്കണമെങ്കില്‍ എന്തെല്ലാം ഗുലുമാലാണ്‌. ഒരു പ്രേമ ലേഖനം പരസ്യമായി എഴുതാന്‍ പറ്റുമായിരുന്നോ? ഇന്നു കൂടുകരെല്ലാം കാണത്തക്ക വിധത്തില്‍ കാമുകിക്ക് ഒരു അപ്രഖ്യാപിത ലേഖനം ഒക്കെ എഴുതാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇതിലൊന്നുമല്ല താത്പര്യം . അതിലുമൊക്കെ കടന്ന കൈ ആണ് അവര്‍ നോക്കുന്നത്. മൊബൈല്‍ വഴി ഇഷ്ടമുള്ള പടങ്ങള്‍ കാണുക. അത് പിന്നെ ബ്ലു ടൂത്ത് വഴി തൊട്ടടുതവന് കൊടുക്കുക. പിന്നെ നാട്ടില്‍ സുലഭമായി ഇറങ്ങുന്ന ഇത്തരം ചെറിയ വീഡിയോ ക്ലിപ്പിന്ഗ് സ്വന്തം മോബൈലെക്ക് അപ്‌ലോഡ് ചെയ്യുക. ഇതിലോക്കെയനവര്‍ക്ക് ഹരം. ഒരു പ്രവാസിയായ ഈയുള്ളവന്‍ നാട്ടില്‍ അവധിക്ക് പോയപ്പോ കണ്ട കാര്യങ്ങളാണ്‌ ഇവിടെ വിവരിച്ചത്. ഇനി സമയം കിട്ടുമ്പോ വല്ലതും ടൈപ്പ് ചെയ്യാം .